Kerala
കൊല്ലം: ശബരിമല കൊടിമരത്തിലെ വാജിവാഹനത്തിൽ സ്വർണപ്പാളി ഒട്ടിച്ചത് താൻ തന്നെയാണെന്നും തന്റെ വിയർപ്പിന്റെ അംശം അതിലുണ്ടാകണമെന്ന് ആഗ്രഹിച്ചതു കൊണ്ടാണെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി.
താൻ തന്നെയാണ് അതിൽ സ്വർണം ഒട്ടിച്ചത്. അഷ്ടദിക്പാലക ശിൽപങ്ങളിൽ തന്റെ മകനും സംവിധായകൻ ഷാജി കൈലാസും തിരക്കഥാകൃത്ത് രഞ്ജി പണിക്കരും ചേർന്ന് സ്വർണം ഒട്ടിച്ചുവെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
തന്റെ വല്യമ്മാവൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചെയർമാനായിരിക്കുന്ന കാലത്താണ് കൊടിമരം പുനഃസ്ഥാപിക്കണമെന്ന് ദേവപ്രശ്നത്തിൽ തെളിയുന്നത്. 300–400 വർഷം നിലനിൽക്കാനുള്ള കൊടിമരമാണെന്നാണ് പറഞ്ഞിരുന്നത്.
വീട്ടിൽ നിന്നുള്ള സ്വർണം ജ്വല്ലറിയിൽ കൊടുത്ത് 24 കാരറ്റ് സ്വർണമാക്കി. മോഹൻലാൽ തന്നെ വിളിച്ച് സ്വർണം നൽകാമെന്നു പറഞ്ഞു. ഇങ്ങനെ പലരും അതിൽ പങ്കാളികളായി.
അന്നത്തെ ദേവസ്വം ബോർഡ് മെമ്പർ അജയ് തറയിൽ, പ്രസിഡന്റ് പ്രയാർഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർ എല്ലാം കൃത്യമായി രേഖപ്പെടുത്തിയാണ് സ്വർണം വാങ്ങിവച്ചത്. ഭഗവാന് സമർപ്പിച്ചതാണ്. രസീത് വാങ്ങിയില്ല. രേഖകളൊന്നും സൂക്ഷിച്ചിട്ടില്ല. അവർ സൂക്ഷിച്ചിട്ടുണ്ടാവുമെന്നും എല്ലാം പോലീസ് അന്വേഷിക്കട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.
Kerala
കൊല്ലം: കേരളത്തിൽ എയിംസ് വന്നിരിക്കുമെന്ന് ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആലപ്പുഴയിൽ എയിംസ് വരണമെന്നത് തന്റെ നിലപാടാണ്. ആലപ്പുഴയിൽ സ്ഥലം തരില്ലെങ്കിൽ തൃശൂരിൽ നേടിയെടുക്കണമെന്ന് സുരേഷ് ഗോപി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇനിയും സമയമുണ്ട്. സംസ്ഥാന സര്‍ക്കാര്‍ സ്ഥലമെടുത്ത് തന്നാൽ എയിംസ് വന്നിരിക്കും. എയിംസ് വരാന്‍ കേരളം എന്ത് ചെയ്തെന്ന് പറയണമെന്നും ഇലക്ഷൻ ഒന്ന് മാറ്റി വച്ചാൽ ഇപ്പോൾ ഉയരുന്നതെല്ലാം കെട്ടടങ്ങുമെന്നും സുരേഷ് ഗോപി വിമര്‍ശിച്ചു.
ബജറ്റിൽ എയിംസ് എവിടെ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് 2016 ൽ പ്രഖ്യാപിച്ചല്ലോ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
Kerala
തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നടത്തിയ വാർത്ത സമ്മേളനത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനം. സുരേഷ് ഗോപി ജനിച്ചതിന് ശേഷം എൻഎസ്എസ് ആസ്ഥാനത്ത് കാലുകുത്തിയിട്ടില്ലെന്ന് സുകുമാരൻ നായർ പറഞ്ഞു.
ഒരിക്കൽ വന്നത് രാഷ്ട്രീയ ലക്ഷ്യവുമായാണ്. വി.എസ്. അച്യുതാനന്ദൻ കെ.കെ. രമയെ കാണാൻ പോയതു പോലെയാണ് സുരേഷ് ഗോപി ഇവിടെ വന്നത്. ബജറ്റ് ദിവസമായിരുന്നു സുരേഷ് ഗോപിയുടെ വരവെന്നും അദ്ദേഹം വ്യക്തമാക്കി.
എൻഎസ്എസ് പരമാധികാര സഭയിൽ വന്നത് ആരോടും ചോദിക്കാതെയാണ്. അയാൾ തൃശൂർ പിടിച്ച പോലെ എൻഎസ്എസ് പിടിക്കാൻ വരേണ്ടെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
Movies
കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. കുടുംബസമേതമാണ് താരം എത്തിയത്. ഭാര്യ രാധിക, മക്കളായ മാധവ്, ഗോകുൽ, ഭാഗ്യ, ഭാവ്നി, മരുമകൻ ശ്രേയസ് മോഹൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.
‘‘ലോകഗുരുവായ കൊല്ലൂര്‍ മൂകാംബികാ ദേവിയുടെ സന്നിധിയിൽ ഐശ്വര്യത്തിനും സമാധാനത്തിനുമായി നവചണ്ഡികാ ഹോമം നടത്തുവാനും പങ്കെടുക്കുവാനും സാധിച്ചു.
ഈ പുണ്യവേളയിൽ ബംഗളൂരുവില്‍ നിന്നുള്ള മോദിജിയുടെ ഉറച്ച അനുഭാവിയും എന്റെ പ്രിയ സുഹൃത്തുമായ പുരുഷോത്തം റെഡിഗാരു, നവചണ്ഡികാ ഹോമം നടക്കുന്ന ചടങ്ങിലേക്ക് 10 ടൺ ബസ്മതി അരി നല്കുകയുണ്ടായി.
Kerala
കൊച്ചി: കേരളത്തിന് എയിംസ് ലഭിക്കുമെന്നത് ഉറപ്പാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സംസ്ഥാനത്ത് എയിംസ് വരുന്നത് ചിലരെയെങ്കിലും ഭയപ്പെടുത്തുന്നുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. നിലവിൽ രണ്ട് ജില്ലകളെ കേന്ദ്രീകരിച്ചാണ് ചർച്ചകൾ നടക്കുന്നതെന്നും സുരേഷ് ഗോപി അറിയിച്ചു.
എയിംസ് സ്ഥാപിക്കുന്നതിനായി അഞ്ച് ജില്ലകൾ നിർദേശിക്കാനാണ് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടത്. വികസന കാര്യങ്ങളിൽ അവഗണിക്കപ്പെട്ടു കിടക്കുന്ന ജില്ല എന്ന നിലയിൽ ആലപ്പുഴയ്ക്ക് എയിംസിനായി മുൻഗണന നൽകണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ആലപ്പുഴയിൽ എയിംസ് സ്ഥാപിക്കാൻ സാധിച്ചില്ലെങ്കിൽ തൃശൂർ ജില്ലയെ പരിഗണിക്കണമെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. ആലപ്പുഴയ്ക്ക് അല്ലെങ്കിൽ തൃശൂരിന് എയിംസ് നൽകുന്നതാണ് നീതിയെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ്ഗോപിയെ പരിഹസിച്ച് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. വോട്ടുതട്ടാൻ വേണ്ടി എന്തും പറയുന്ന രീതിയാണ് സുരേഷ്ഗോപിയുടേതെന്ന് ഗണേഷ് കുമാർ പറഞ്ഞു.
ഓരോ ഘട്ടത്തിലും ഓരോ സ്ഥലത്ത് എയിംസ് വരുമെന്നാണ് അദേഹം അവകാശപ്പെടുന്നത്. ആദ്യം തൃശൂരിൽ വരുമെന്ന് പറഞ്ഞു, പിന്നീട് തന്റെ അമ്മവീടായ ആലപ്പുഴയിൽ വരുമെന്ന് മാറ്റിപ്പറഞ്ഞു. ഇപ്പോൾ തെങ്കാശിയിൽ വന്നാലും മതിയെന്ന നിലപാടിലാണ് സുരേഷ്ഗോപിയെന്നും മന്ത്രി പരിഹസിച്ചു.
കേരളത്തിൽ ഒളിമ്പിക്സ് നടത്തുമെന്ന സുരേഷ്ഗോപിയുടെ പ്രഖ്യാപനത്തിലാണ് വോട്ടുതട്ടാൻ വേണ്ടി എന്തും പറയുന്ന രീതിയാണ് അദേഹത്തിന്റേതെന്ന് കെ.ബി.ഗണേഷ്കുമാർ പ്രതികരിച്ചത്.
അതേസമയം ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രിക്കെതിരെയും കെ.ബി.ഗണേഷ്കുമാർ വിമർശനം ഉന്നയിച്ചു. മോഷ്ടാവായ പോറ്റിയെ ക്ഷേത്രത്തിൽ കൊണ്ടുവന്നതും അകത്തു കയറ്റിയതും തന്ത്രിയാണെന്ന് അദേഹം ആരോപിച്ചു.
യുഡിഎഫ് മതവികാരം ഇളക്കി വിടുന്നുവെന്ന് ആരോപിച്ച മന്ത്രി ബിജെപിയേക്കാൾ അപകടകരമായ രീതിയിലാണ് യുഡിഎഫിന്റെ നീക്കമെന്നും അഭിപ്രായപ്പെട്ടു. ബിജെപിക്കും കോൺഗ്രസിനും ഇക്കാര്യത്തിൽ ഒരേ സ്വരമാണെന്നും കെ.ബി. ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.
NRI
ദുബായി: 167 രാജ്യങ്ങളിൽ സാന്നിധ്യമുള്ള പ്രവാസി മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷന്റെ (ഡബ്ല്യുഎംഎഫ്) അഞ്ചാമത് ഗ്ലോബൽ കൺവൻഷൻ ഈ മാസം 16, 17, 18 തീയതികളിൽ ദുബായിയിൽ നടക്കും.
ദുബായി ദേയ്റയിലെ ക്രൗൺ പ്ലാസ ഹോട്ടലാണ് സമ്മേളനത്തിന് വേദിയാകുന്നത്. സ്നേഹത്തിലൂടെയും സഹകരണത്തിലൂടെയും മാറ്റത്തിനു തിരികൊളുത്താം എന്നതാണ് കൺവൻഷന്റെ പ്രമേയം.
ലോകത്തിന്റെ വിവിധ കോണുകളിലുള്ള മലയാളികളെ ഒന്നിപ്പിക്കുകയും അവരിലൂടെ കേരളത്തിന്റെ വികസനത്തിനും പ്രവാസി ക്ഷേമത്തിനുമായി പുതിയ പദ്ധതികൾ ആവിഷ്കരിക്കുകയുമാണ് കൺവൻഷൻ ലക്ഷ്യമിടുന്നത്.
ദുബായിയിൽ നടക്കുന്ന ഇത്തവണത്തെ ഗ്ലോബൽ കൺവൻഷൻ ആഗോള പ്രവാസി സംഗമ വേദിയാകുമെന്ന് ഗ്ലോബൽ ചെയർമാൻ ഡോ. ജെ. രത്നകുമാർ പറഞ്ഞു.
2016ൽ ഓസ്ട്രിയയിലെ വിയന്നയിൽ ഡോ. പ്രിൻസ് പള്ളിക്കുന്നേലിന്റെ നേതൃത്വത്തിൽ രൂപീകരിച്ച വേൾഡ് മലയാളി ഫെഡറേഷൻ കഴിഞ്ഞ പത്തു വർഷമായി നിരവധി ജീവകരുണ്യ - സേവന പ്രവർത്തനങ്ങൾ നടത്തി വരുന്നു.
കോവിഡ്, 2018ലെ പ്രളയം, റഷ്യ - യുക്രെെയ്ൻ യുദ്ധം തുടങ്ങിയ സാഹചര്യങ്ങളിലൊക്കെ തന്നെ വേൾഡ് മലയാളി ഫെഡറേഷൻ സഹായങ്ങൾ എത്തിച്ചിട്ടുണ്ട്. യുക്രൈയ്നിൽ നിന്നും ഇന്ത്യൻ വിദ്യാർഥികൾക്ക് സഹായമെത്തിച്ചതിൽ പ്രധാനമന്ത്രിയുടെ അഭിനന്ദനം വേൾഡ് മലയാളി ഫെഡറേഷന് ലഭിച്ചിരുന്നു.
വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി ഡബ്ല്യുഎംഎഫ് നിർമിച്ച് നൽകുന്ന വീടുകളുടെ താക്കോൽദാനം കൺവൻഷൻ വേദിയിൽ നടക്കും.
കേന്ദ്രമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ വിശിഷ്ടാതിഥികളാകും. ഡോ. മുരളി തുമ്മാരുകുടി, സന്തോഷ് ജോർജ് കുളങ്ങര, സയ്യിദ് മുനവ്വറലി തങ്ങൾ തുടങ്ങിയവരും സംബന്ധിക്കും.
നടി ആശാ ശരത്, മിഥുൻ രമേഷ് എന്നിവരും ജനപ്രതിനിധികളും വ്യവസായ പ്രമുഖരും സാംസ്കാരിക നേതാക്കളും 167 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും സമ്മേളനത്തിന്റെ ഭാഗമാകും.
Kerala
തൃശൂർ: കേരളത്തിൽ വികസനം വരണമെങ്കിൽ ബിജെപി അധികാരത്തിലെത്തണമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. വരുന്ന തെരഞ്ഞെടുപ്പിൽ ജനങ്ങൾ മാറ്റം കൊണ്ടുവരും. തിരുവനന്തപുരം തിലകം അണിയുമെന്നാണ് താൻ പറഞ്ഞത്.
അത് അങ്ങനെ തന്നെ സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിനോട് വേർതിരിവ് കാണിച്ചാൽ അത് മാറ്റാൻ അറിയാം. തൃശൂരിൽ സെൻട്രൽ ഫോറൻസിക് സയൻസ് ലാബിന് വേണ്ടി സ്ഥലം അനുവദിക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞില്ല.
തൃശൂരിനോട് മാത്രം എന്താണ് ഇങ്ങനെ ചെയ്യുന്നതെന്നും സുരേഷ് ഗോപി ചോദിച്ചു. ഡബിൾ എൻജിൻ സർക്കാരിന്റെ ഗുണം ഏതൊക്കെ സംസ്ഥാനങ്ങളിൽ കിട്ടിയെന്നു നോക്കണം. വരുന്ന തെരഞ്ഞെടുപ്പിൽ അത് ജനങ്ങൾ മനസിലാക്കണം.
പാലക്കാട്ടേയോ ശബരിമലയോ വിഷയങ്ങൾ പറയില്ല. അത് ജനങ്ങൾക്കറിയാമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.
Kerala
തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപി ദത്തെടുത്ത അവിണിശsരി പഞ്ചായത്തിൽ യുഡിഎഫിന് അട്ടിമറി വിജയം. കഴിഞ്ഞ പത്തു വർഷമായി ബിജെപി കുത്തകയാക്കി വച്ചിരുന്ന പഞ്ചായത്ത് ഭരണം നറുക്കെടുപ്പിലൂടെയാണ് കോൺഗ്രസ് തിരിച്ചുപിടിച്ചത്. കോൺഗ്രസിലെ റോസിലി ജോയി പുതിയ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
16 അംഗങ്ങളുള്ള പഞ്ചായത്തിൽ ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് നറുക്കെടുപ്പ് വേണ്ടിവന്നത്. തെരഞ്ഞെടുപ്പിൽ യുഡിഎഫിനും ബിജെപിക്കും ഏഴ് വോട്ടുകൾ വീതം ലഭിച്ചതോടെയാണ് വിജയിയെ തീരുമാനിക്കാൻ നറുക്കെടുപ്പ് നടത്തിയത്.
രണ്ട് മെമ്പർമാരുള്ള എൽഡിഎഫ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഇതോടെയാണ് ഇരുമുന്നണികളും തുല്യനിലയിലായത്. 2020-ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് മൂന്നും ബിജെപിക്ക് ആറും എൽഡി എഫിന് അഞ്ചും സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്.
എന്നാൽ ഇത്തവണ യുഡിഎഫും ബിജെപിയും ഏഴ് സീറ്റുകൾ വീതം നേടി കരുത്തു തെളിയിച്ചു.
Kerala
തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെയുള്ള വ്യാജ വോട്ട് പരാതിയിൽ കോടതി നടപടികൾ ആരംഭിച്ചു. കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപൻ നൽകിയ ഹർജിയിലാണ് തൃശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നടപടി.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ മുക്കാട്ടുകര ബൂത്തിൽ സുരേഷ് ഗോപിയും കുടുംബാംഗങ്ങളും നിയമവിരുദ്ധമായി വോട്ട് ചേർത്തു എന്നാണ് എന്നാണ് പരാതി.
സുരേഷ് ഗോപിയും സഹോദരൻ സുഭാഷ് ഗോപിയും ബിഎൽഒയും ചേർന്ന് ഗൂഢാലോചന നടത്തി വ്യാജ രേഖകൾ വഴിയാണ് വോട്ട് ചേർത്തതെന്ന് ടി.എൻ. പ്രതാപൻ പരാതിയിൽ പറയുന്നു.
തൃശൂര്‍ നിയോജകമണ്ഡലത്തിലെ മുക്കാട്ടുകര ബൂത്തില്‍ വോട്ട് ചേര്‍ത്തത് നിയമവിരുദ്ധവും ക്രിമിനല്‍ ഗൂഢാലോചനയുമാണെന്നാണ് പരാതി.
ഇപ്പോള്‍ കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി കേസിനാസ്പദമായ സംഭവം നടക്കുമ്പോള്‍ പൊതുസേവകനല്ലാത്തതിനാല്‍ നിയമപ്രകാരമുള്ള നോട്ടീസിന് അര്‍ഹനല്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു. തുടര്‍ന്ന് കോടതി അന്നത്തെ ബൂത്ത് ലെവല്‍ ഓഫീസര്‍ക്കു നോട്ടീസ് അയക്കാന്‍ ഉത്തരവിടുകയായിരുന്നു.
Kerala
ന്യൂഡൽഹി: കേരള രാഷ്ട്രീയം മാറുന്നുവെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി എംപി. കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രകടനത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഡൽഹിയിൽ സുരേഷ്ഗോപി.
പാർലമെന്റിലെ ഇരുസഭകളിലേയും എംപിമാർക്ക് ജിലേബി നൽകിയാണ് സുരേഷ് ഗോപി സന്തോഷം പങ്കുവച്ചത്. തിരുവനന്തപുരം കോർപറേഷൻ ഉൾപ്പെടെ പിടിച്ചെടുത്ത് ബിജെപിയുടെ വലിയ മുന്നേറ്റമായാണ് വിലയിരുത്തൽ.
അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകും എന്നതാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ പ്രതീക്ഷ.
Kerala
തൃശൂർ: എക്കാലത്തും തൃശൂരുകാരനായി ഉണ്ടാകുമെന്ന സുരേഷ് ഗോപിയുടെ പ്രഖ്യാപനം ജനത്തെ കബളിപ്പിക്കാനാണെന്നു തെളിഞ്ഞെന്നു സിപിഎം.
ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലും തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിൽ ശാസ്തമംഗലത്തുമാണ് സുരേഷ് ഗോപി വോട്ടുചെയ്തത്.
തൃശൂരിന്റെ എംപിയെന്ന നിലയിൽ തികഞ്ഞ പരാജയമാണെന്നും സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ പറഞ്ഞു.
Kerala
തൃശൂർ: എംപിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി വീണ്ടും തൃശൂരിലെ ജനതയെ വഞ്ചിച്ചതായി സിപിഐ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ. സുരേഷ് ഗോപി ശാസ്തമംഗലത്തു വോട്ട് രേഖപ്പെടുത്തിയതു സംബന്ധിച്ച വിവാദത്തിൽ പത്രക്കുറിപ്പിലാണ് പ്രതികരണം.
താൻ തൃശൂരിന്റെ സ്വന്തമാണെന്നും ഇവിടെയാണു തന്റെ ഗൃഹമെന്നും ആവർത്തിക്കുന്ന സുരേഷ് ഗോപിയുടെ വഞ്ചനയുടെ മുഖം ഒരിക്കൽകൂടി വ്യക്തമായി.
ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ വോട്ടു ചേർക്കുകയും രേഖപ്പെടുത്തുകയുംചെയ്ത സുരേഷ് ഗോപിയും കുടുംബവും ഇപ്പോൾ തിരുവനന്തപുരം കോർപറേഷനിൽ ശാസ്തമംഗലത്തു വോട്ട് ചെയ്തിരിക്കുന്നു.
വാക്കും പ്രവൃത്തിയും തമ്മിൽ പുലബന്ധമില്ലാത്ത നിലപാടാണ് അദ്ദേഹത്തിന്റേതെന്നും കെ.ജി. ശിവാനന്ദൻ കുറ്റപ്പെടുത്തി.
Kerala
തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി തിരുവനന്തപുരത്ത് വോട്ട് ചെയ്തതിൽ പ്രതികരണവുമായി ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ. ലോക്സഭാ തിരഞ്ഞെടുപ്പിലെയും തദ്ദേശ തിരഞ്ഞെടുപ്പിലെയും വോട്ടര്‍ പട്ടിക രണ്ടാണെന്ന് എല്ലാവര്ക്കും അറിയാമെന്നും ഇപ്പോൾ ഉണ്ടായിരിക്കുന്നത് അനാവശ്യ വിവാദമാണെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
"സുരേഷ് ഗോപി താമസിച്ചിരുന്ന നെട്ടിശേരിയിലെ വീട് വിറ്റു. അദ്ദേഹം തൃശൂരില്‍ പുതിയ വീട് നോക്കുന്നുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പട്ടികയില്‍ സുരേഷ് ഗോപിക്ക് വോട്ട് തിരുവനന്തപുരത്താണ്.'-ഗോപാലകൃഷ്ണൻ പറഞ്ഞു.
സുരേഷ് ഗോപിയുടെ നടപടി ചോദ്യം ചെയ്ത് രംഗത്തെത്തിയ സിപിഐ നേതാവ് വി.എസ്. സുനില്‍ കുമാറിന് മാനസിക വിഭ്രാന്തിയാണെന്നും ബി ഗോപാലകൃഷ്ണന് ആക്ഷേപിച്ചു. സുനില്‍ കുമാറിന് നെല്ലിയ്ക്കാത്തളം വെയ്ക്കണമെന്നും ബിജെപി നേതാവ് പരിഹസിച്ചു.
Kerala
തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപി തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് വോട്ട് ചെയ്ത സംഭവത്തിൽ വിമർശനവുമായി സിപിഐ നേതാവ് വി.എസ്. സുനിൽകുമാർ. ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ വോട്ടുചെയ്ത സുരേഷ് ഗോപിയും കുടുംബവും തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത് തിരുവനന്തപുരത്താണെന്നും ഇതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയണമെന്നും സുനിൽ കുമാർ ഫെയ്സ്ബുക്കിൽ കുറിച്ചു.
"നെട്ടിശേരിയിൽ സ്ഥിരതാമസക്കാരെന്ന് പറഞ്ഞാണ് തൃശൂരിൽ വോട്ട് ചെയ്തത്. ഇപ്പോൾ വോട്ടുചെയ്തത് തിരുവനന്തപുരത്തെ ശാസ്തമംഗലത്തുമാണ്. ഇതെങ്ങനെയാണ് സംഭവിച്ചത്. ഇതിന് തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര മന്ത്രിയും മറുപടി പറയണം.'-സുനിൽ കുമാർ കുട്ടിച്ചേർത്തു.
നേരത്തെ, തൃശൂർ മണ്ഡലത്തിലെ വോട്ടുമായി ബന്ധപ്പെട്ട് ഗുരുതര ക്രമക്കേടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിമർശനം ഉയരുന്നത്.
Kerala
പന്തളം: മനുഷ്യർ വിശ്വാസം പേറുന്ന മണ്ണാണ് ശബരിമലയെന്നും അത് ഹൈന്ദവന്റെ മാത്രം അവകാശമല്ലന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. പന്തളത്ത് എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭക്തി, ആചാരം, വിശ്വാസപ്രമാണം എന്നിവയിൽ രാഷ്ട്രീയമില്ല, ശുദ്ധമായ മതേതരത്വത്തിൽ വിശ്വസിക്കുന്ന ആളെന്ന നിലയിൽ കളങ്കമില്ലാത്ത നിർവഹണണം എന്റെ അവകാശമാണന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് വി.എ. സൂരജ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. നേതാക്കളായ പി.കെ. കൃഷ്ണദാസ്, രാധാകൃഷ്ണ മേനോൻ, പന്തളം പ്രതാപൻ, കെ. ബിനുമോൻ, അച്ചൻകുഞ്ഞ് ജോൺ, സുശീല സന്തോഷ്, നന്ദകുമാർ തുടങ്ങിയവർ സംസാരിച്ചു.
Kerala
തൃശൂര്‍: പുലികളി സംഘങ്ങള്‍ക്ക് ധനസഹായം വൈകാൻ കാരണം ടൂറിസം വകുപ്പിന്റെ അനാസ്ഥയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പുലിക്കളി സംഘങ്ങളുടെ ചെലവ് കണക്ക് സംസ്ഥാന ടൂറിസം വകുപ്പ് നൽകിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പുലിക്കളി സംഘങ്ങൾക്ക് ധനസഹായം ഇനിയും ലഭിക്കാത്തത് വിവാദമായിരുന്നു. ഓരോ പുലിക്കളി സംഘത്തിനും മൂന്നു ലക്ഷം രൂപയായിരുന്നു കേന്ദ്ര ധനസഹായം. സ്വന്തം ഇടപെടലിലൂടെയാണ് കേന്ദ്രത്തിൽ നിന്ന് പണം വാങ്ങി നൽകിയതെന്നും സുരേഷ് ഗോപി വിശദീകരിച്ചു
കേരളത്തിൽ എത്ര സ്കൂളുകൾ തകർന്ന് വീണു. കുട്ടികൾ അറിഞ്ഞിരിക്കേണ്ട ചരിത്രമാണ് പിഎം ശ്രീയിൽ ഉൾപ്പെടുത്തുന്നത്. അങ്ങനെ പഠിപ്പിക്കുന്നത് കൊണ്ട് ആർക്കാണ് ഭയമെന്നും സുരേഷ് ഗോപി ചോദിച്ചു.
Movies
ഭരത്ചന്ദ്രൻ ഐപിഎസ് വീണ്ടും പ്രേക്ഷകർക്കു മുന്നിൽ ജനുവരിയിൽ എത്തുന്നു. നൂതന സാങ്കേതിക മികവിൽ 4k അറ്റ്മോസിൽ റീ മാസ്റ്റർ ചെയ്തു കൊണ്ടാണ് കമ്മീഷണർ എത്തുന്നത്.
രൺജി പണിക്കരുടെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് കമ്മീഷണർ. സുരേഷ് ഗോപി എന്ന നടനെ സൂപ്പർ താര പദവിയിലേക്ക് നയിച്ച കഥാപാത്രം കൂടിയായിരുന്നു ഭരത് ചന്ദ്രൻ ഐപിഎസ്.
സുനിതാ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. മണിയാണ് ഈ ചിത്രം നിർമിച്ചത്. രതീഷ്, ശോഭന, രാജൻ പി.ദേവ്, വിജയ രാഘവൻ, ബൈജു സന്തോഷ്,ഗണേഷ് കുമാർ തുടങ്ങിയ പ്രമുഖ താരങ്ങളും. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
പുതിയ കമ്മീഷണറിൽ പശ്ചാത്തല സംഗീതം പുനരാവിഷ്ക്കാരം നടത്തിയിരിക്കുന്നത് ബെന്നി ജോൺസാണ്. സംഗീതം - രാജാമണി. ഛായാഗ്രഹണം -ദിനേശ് ബാബു. എഡിറ്റിംഗ്- എൽ. ഭൂമിനാഥൻ. കലാസംവിധാനം - ബോബൻ.
4K റീമാസ്റ്ററിംഗ് നിർമാണം -ഷൈൻ വി.എ., മെല്ലി വി.എ.,ലൈസൺ ടി.ജെ. ഡിസ്ടി ബ്യൂഷൻ ഹെഡ് - ഹർഷൻ ടി. കളറിംഗ്- ഷാൻ ആഷിഫ്, അറ്റ്മോസ് മിക്സിംഗ് - ഹരി നാരായണൻ. മാർക്കറ്റിംഗ്- ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ്, പ്രൊഡക്ഷൻ കൺട്രോളർ - അരോമ മോഹൻ. പിആർഒ-വാഴൂർ ജോസ്.
Movies
പ്രേക്ഷകർക്ക് പിടികൊടുക്കാത്ത രഹസ്യങ്ങളോടെ 27 വർഷങ്ങൾക്ക് ശേഷം വീണ്ടും ആമിയും, രവിശങ്കറും, ഡെന്നീസും, നിരഞ്ജനും, മോനായിയും വീണ്ടുമെത്തുന്നു. ഈ ക്രിസ്മസിന് ഡെന്നീസിന്റെ ബത്ലഹേം കാണാൻ വീണ്ടും ഒരുങ്ങി സിബി മലയിൽ – രഞ്ജിത്ത് കൂട്ടുകെട്ടിലൊരുങ്ങിയ സമ്മർ ഇൻ ബത്ലഹേം ഡിസംബർ 12ന് 4K ദൃശ്യമികവോടെ തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയിലർ എത്തി.
രഞ്ജിത്തിന്റെ തിരക്കഥയിൽ സിയാദ് കോക്കർ നിർമിച്ച് സിബി മലയിലാണ് ചിത്രം സംവിധാനം ചെയ്തത്. മഞ്ജു വാര്യർ, സുരേഷ് ഗോപി, ജയറാം, കലാഭവൻ മണി എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയതാരങ്ങൾ ഒന്നിച്ച ചിത്രത്തിൽ മോഹൻലാൽ അതിഥിവേഷത്തിലും എത്തിയിരുന്നു.
കോക്കേഴ്സ് ഫിലിംസിനോടൊപ്പം അഞ്ജന ടാക്കീസ്, എവരിഡേ ഫിലിംസ് എന്നിവരുമായി സഹകരിച്ച് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. ദേവദൂതൻ, ഛോട്ടാ മുംബൈ എന്നീ ചിത്രങ്ങൾക്ക് ശേഷം ഹൈ സ്റ്റുഡിയോസിന്റെ നേതൃത്വത്തിലാണ് ചിത്രം 4K നിലവാരത്തിൽ റീമാസ്റ്റർ ചെയ്യുന്നത്.
സഞ്ജീവ് ശങ്കർ ഛായാഗ്രാഹകനായ ചിത്രത്തിന്റെ എഡിറ്റർ എൽ. ഭൂമിനാഥൻ ആണ്. വിദ്യാസാഗറിന്റെ സംഗീതവും ഗിരീഷ് പുത്തഞ്ചേരിയുടെ വരികളും ഇന്നും മലയാളികളുടെ ഹൃദയത്തിൽ മുഴങ്ങുന്നു. കെ ജെ യേശുദാസ്, കെ എസ് ചിത്ര, സുജാത, എം.ജി ശ്രീകുമാർ, ശ്രീനിവാസ്, ബിജു നാരായണൻ എന്നിവരാണ് ചിത്രത്തിലെ ഗായകർ.
പ്രൊഡക്ഷൻ കൺട്രോളർ: എം.രഞ്ജിത്, ക്രീയേറ്റീവ് വിഷനറി ഹെഡ്: ബോണി അസനാർ, കലാസംവിധാനം: ബോബൻ, കോസ്റ്റ്യൂംസ്: സതീശൻ എസ്.ബി, മേക്കപ്പ്: സി.വി. സുദേവൻ, കൊറിയോഗ്രാഫി: കല, ബൃന്ദ, അറ്റ്മോസ് മിക്സ്:ഹരിനാരായണൻ, കളറിസ്റ്റ്: ഷാൻ ആഷിഫ്, ഡിസ്ട്രിബ്യൂഷൻ: കോക്കേഴ്സ് മീഡിയ എന്റർടൈൻമെന്റ്സ്, പ്രോജക്ട് മാനേജ്മെൻ്റ്: ജിബിൻ ജോയ് വാഴപ്പിള്ളി,സ്റ്റുഡിയോ: ഹൈ സ്റ്റുഡിയോ, മാർക്കറ്റിങ്: ഹൈപ്പ്, പിആർഒ: പി. ശിവപ്രസാദ്, വാഴൂർ ജോസ്. പബ്ലിസിറ്റി ഡിസൈൻസ്: അർജുൻ മുരളി, സൂരജ് സൂരൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
Kerala
തൃശൂർ: അന്വേഷണം എങ്ങനെ പോകുന്നുവെന്നു പുറത്തുപറയാനാകില്ലെന്നും അസാധാരണമായ സാഹചര്യമാണെന്നും ഡൽഹിയിലെ കാർ സ്ഫോടനത്തിൽ കേന്ദ്രമന്ത്രി സുരേഷ്ഗോപി പ്രതികരിച്ചു.
കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ രാജസ്ഥാൻ അടക്കമുള്ള പ്രദേശങ്ങളിൽ എട്ടുതവണയാണ് ഇതുപോലെയുള്ള ശ്രമങ്ങൾ നമ്മൾ തടഞ്ഞത്. രാജ്യത്തിന്റെ അഖണ്ഡതയ്ക്കേറ്റ മുറിവാണ് സ്ഫോടനം. കുറ്റവാളികളെയും അവരെ സഹായിച്ചവരെയും ശക്തമായി നേരിടും.
കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്കു ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. ശക്തമായ മതേതരത്വം ഉടയ്ക്കാനുള്ള ശ്രമമാണു നടന്നത്. പൗരന്മാർ സംയമനം പാലിച്ച് സാഹോദര്യം സൂക്ഷിക്കണം. കുറ്റവാളികളെ പിടിക്കുന്നതിൽ കേന്ദ്രസർക്കാർ ശക്തമായി മുന്നോട്ടുവരുമെന്നും സുരേഷ് ഗോപി പറഞ്ഞു.
Kerala
തൃശൂര്‍: എറണാകുളം - ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചടങ്ങിനിടെ വിദ്യാര്‍ഥികൾ ആര്‍എസ്എസ് ഗണഗീതം പാടിയ സംഭവത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കുഞ്ഞുങ്ങള്‍ നിഷ്കളങ്കമായി ചൊല്ലിയതാണെന്നും തീവ്രവാദ ഗാനം ഒന്നുമല്ലല്ലോ പാടിയതെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.
ഗണഗീതം ചൊല്ലിയത് ആഘോഷത്തിന്റെ ഭാഗമായിട്ടാണ്. കുട്ടികൾക്ക് അപ്പോൾ തോന്നിയത് ചെയ്തു. നിഷ്കളങ്കമായി ചൊല്ലിയതാണ്. തീവ്രവാദ ഗാനം ഒന്നുമല്ലല്ലോ ചൊല്ലിയത്. സംഗീതത്തിന് ജാതിയില്ല, മതമില്ല, ഭാഷയില്ല, ഒരു പിണ്ണാക്കുമില്ല. സംഗീതം ആസ്വദിക്കാൻ ഉള്ളതാണ്. അങ്ങനെയുള്ള സംഗീതത്തിന് നിങ്ങൾ അവാർഡും കൊടുക്കുന്നില്ലേയെന്നും സുരേഷ് ഗോപി ചോദിച്ചു.
വന്ദേ ഭാരതിന്റെ വരവ് വലിയ ആഘോഷമാണ്. പ്രധാനമന്ത്രി, റെയിൽവേ മന്ത്രി കേന്ദ്രസർക്കാർ എന്നിവരുടെ നേതൃത്വത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നു. കേരളത്തിലെ നാരീശക്തിക്ക് ഏറ്റവുമധികം പിന്തുണ നല്കുന്ന ഒന്നാണ് പുതിയ വന്ദേഭാരത് സര്‍വീസ്. ട്രാക്കുകളുടെ അപര്യാപ്തത കൊണ്ട് ആണ് കൂടുതൽ ട്രെയിനുകൾ സാധ്യമാകാത്തതെന്നും സുരേഷ് ഗോപി പറഞ്ഞു.
Kerala
തൃശൂർ: കേരളത്തില്‍ എയിംസ് പദ്ധതി നടപ്പിലാക്കുമെന്ന വാഗ്ദാനത്തിൽ ഉറച്ച് സുരേഷ് ഗോപി എംപി. കേരളത്തിൽ എയിംസ് പദ്ധതി നടപ്പാക്കുന്നത് ആലപ്പുഴ ജില്ലയിലാകണമെന്നാണ് ആഗ്രഹമെന്നും ഏതെങ്കിലും കാരണവശാൽ ആലപ്പുഴയ്ക്ക് കിട്ടിയില്ലെങ്കിൽ അത് തൃശൂരിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തൃശൂര്‍ കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ കോഫി ടൈം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എയിംസ് കേരളത്തിന് തരുമെങ്കില്‍ അത് ആലപ്പുഴയില്‍ വേണം. ഇത്രയും അടിതെറ്റിയ ജില്ല വേറെയില്ല.
പിന്നെയുള്ളത് ഇടുക്കിയാണ്. അവിടെ ഭൂമിശാസ്ത്രപരമായി നടപ്പിലാക്കാന്‍ കഴിയാത്തതുകൊണ്ട് ആലപ്പുഴയില്‍ തന്നെയാണ് വരേണ്ടത്. അത് തന്നില്ലെങ്കില്‍ തൃശൂരിന്റെ തണ്ടെല്ല് ഞാന്‍ അവിടെക്കാണിക്കും. കേരളത്തില്‍ എവിടെയായാലും എയിംസിന്റെ തറക്കല്ലിടാതെ വോട്ടഭ്യര്‍ഥിച്ച് ഞാന്‍ ജനങ്ങളക്ക് മുന്നില്‍ വരില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
District News
തൃശൂർ: തൃശൂരിന്റെ വികസനത്തിനായുള്ള പദ്ധതികൾക്കു കേന്ദ്രസർക്കാരിനൊപ്പം വ്യവസായസമൂഹത്തിന്റെ വിശാലമായ പിന്തുണകൂടി വേണമെന്നു കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി. ശക്തൻ മാർക്കറ്റിന്റെ വികസനത്തിന്റെ ഭാഗമായി ഇനിയും നിരവധി പദ്ധതികൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്നതായും ചേംബർ ഓഫ് കൊമേഴ്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തൃശൂർ വികസനസംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
ചേംബർ ഹാളിൽ നടന്ന ചർച്ചയിൽ ചേംബർ പ്രസിഡന്റ് ടി.എസ്. പട്ടാഭിരാമൻ, സെക്രട്ടറി സോളി തോമസ് കവലക്കാട്ട്, വൈസ് പ്രസിഡന്റ് റാഫി പൊന്തേക്കൻ, ട്രഷറർ ഷൈൻ തറയിൽ തുടങ്ങിയവർ പങ്കാളികളായി.
ചേംബർ വിമൻസ് വിംഗ്, യൂത്ത് വിംഗ്, ഫ്രണ്ട്സ് ഓഫ് ചേംബർ തുടങ്ങിയ പോഷകസംഘടനാ ഭാരവാഹികളും പങ്കെടുത്തു.
Movies
രഞ്ജിത്തിന്റെ തിരക്കഥയിൽ സംവിധായകൻ സിബി മലയിൽ സംവിധാനം ചെയ്ത സമ്മർ ഇൻ ബത് ലഹേം എന്ന ചിത്രം നൂതന സാങ്കേതിക മികവോടെ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്നു.
കോക്കേഴ്സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കർ നിർമിച്ച ഈ ചിത്രം സാങ്കേതിക മികവിന്റെ അകമ്പടിയോടെ 4k അറ്റ്മോസിൽ റീമാസ്റ്റർ ചെയ്യപ്പെടുകയാണ്. പ്രേക്ഷകർക്കിടയിൽ ഇന്നും ഏറെ സ്വീകാര്യതയുള്ള ചിത്രമായതിനാലാണ് ചിത്രത്തെ 4Kഅറ്റ്മോസിൽ അവതരിപ്പിക്കുന്നതെന്ന് നിർമ്മാതാവ് സിയാദ് കോക്കർ വ്യക്തമാക്കി.
കോക്കേഴ്സ് ഫിലിംസിനൊപ്പം, അഞ്ജനാ ടാക്കീസ്, എവരിഡേ ഫിലിംസ് എന്നിവരുമായി സഹകരിച്ചാണ് ചിത്രം പ്രദർശന ശാലകളിൽ എത്തിക്കുന്നത്. ഹൈ സ്റ്റുഡിയോസിന്റെ നേതൃത്വത്തിലാണ് ചിത്രം 4k നിലവാരത്തിൽ റീ മാസ്റ്റർ ചെയ്യപ്പെടുന്നത്.
സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യർ, കലാഭവൻ മണി എന്നിവർക്കൊപ്പം മോഹൻലാലും നിർണായകമായ കഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രത്തിൽ ജനാർദ്ദനൻ, സുകുമാരി, രസിക തുടങ്ങിയ നിരവധി താരങ്ങളും അഭിനയിക്കുന്നു.
ഗിരീഷ് പുത്തഞ്ചേരിയുടേതാണു ഗാനങ്ങൾ. ഛായാഗ്രഹണം -സഞ്ജീവ് ശങ്കർ. കലാസംവിധാനം - ബോബൻ. മേക്കപ്പ് -സി.വി. സുദേവൻ. കോസ്റ്റ്യം ഡിസൈൻ - എസ്. ബി. സതീശൻ. ക്രിയേറ്റീവ് വിഷനറി ഹെഡ് - ബോണി അസനാർ. കോറിയോഗ്രാഫി - കല, ബൃന്ദ. അറ്റ്മോസ് മിക്സ് - ഹരി നാരായണൻ. കളറിസ്റ്റ് - ഷാൻ ആഷിഫ്. പ്രൊജക്റ്റ് മാനേജ്മെന്റ് ജിബിൻ ജോയ് വാഴപ്പിള്ളി. സ്റ്റുഡിയോ - ഹൈ സ്റ്റുഡിയോ. മാർക്കറ്റിംഗ് - ഹൈപ്പ്. ഡിസൈൻ - അർജുൻ മുരളി, സൂരജ് സുരൻ. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം കോക്കേഴ്സ് മീഡിയാ എന്റർടൈൻമെന്റ് പ്രദർശനത്തിനെത്തിക്കുന്നു. പിആർഒ-വാഴൂർ ജോസ്.
Kerala
തൃശൂര്‍: എയിംസ് തൃശൂരിൽ വരുമെന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും കമ്യൂണിസം കൊണ്ട് തുലഞ്ഞുപോയ ആലപ്പുഴയെ കരകയറ്റാനാണ് എയിംസ് ആലപ്പുഴയിൽ വേണമെന്ന് പറയുന്നതെന്നും കേന്ദ്രമന്ത്രി സുരേഷ്ഗോപി.
തൃശൂരിന്റെ വികസനം ലക്ഷ്യമിട്ടുള്ള "എസ്ജി കോഫി ടൈംസ്' എന്ന പേരിലുള്ള പുതിയ ചര്‍ച്ചാ പരിപാടിയിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
രാഷ്ട്രീയവും പ്രാദേശികതയുമല്ല താൻ ഇക്കാര്യത്തിൽ കാണുന്നത്. ആലപ്പുഴയിൽ എയിംസ് വരാൻ തൃശൂരുകാര് പ്രാര്‍ഥിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.
തൃശൂരിൽ നിന്ന് എംപിയാകുന്നതിന് മുൻപ് തന്നെ ആലപ്പുഴയിൽ എയിംസ് വേണന്നു പറഞ്ഞിരുന്നു. താൻ ഒറ്റ തന്തയ്ക്ക് പിറന്നവനാണ്. ഒരിക്കലും വാക്കുമാറില്ല. മെട്രോ റെയിൽ സര്‍വീസ് തൃശൂരിലേക്ക് വരുമെന്നും താൻ പറഞ്ഞിട്ടില്ല. അങ്കമാലിവരെ മെട്രോ പാത എത്തിയശേഷം ഉപപാതയായി പാലിയേക്കര കടന്ന് കോയമ്പത്തൂരിലേക്ക് പോകണമെന്നാണ് പറഞ്ഞത്.
മറ്റൊരു ഉപപാതയായി നാട്ടിക, തൃപ്രയാര്‍, ഗുരുവായൂര്‍ വഴി താനൂരിലും എത്തണമെന്നും സുരേഷ് ഗോപി പറഞ്ഞു.
Kerala
തൃശൂര്‍: പിഎം ശ്രീ വിവാദത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഒരു പദ്ധതി വന്നുവെന്നും അതിനെ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുകയാണെന്നും വൈകിയാണെങ്കിലും പദ്ധതിയിൽ ചേര്‍ന്നതിൽ സന്തോഷമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
ആരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍ എന്നതാണ് നോക്കേണ്ടത്. രാഷ്ട്രീയവും കുത്തിതിരിപ്പും ഇല്ലാത്ത പാവം കുഞ്ഞുങ്ങളാണ് ഇതിന്റെ ഗുണഭോക്താക്കള്‍. അവര്‍ക്ക് ഇതിലൂടെ ഗുണം ഉണ്ടാകും.
50 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച സ്കൂളുകളുടെ അപകട ഭീഷണിയിലാണോ നമ്മുടെ കുഞ്ഞുങ്ങള്‍ വളരേണ്ടതെന്ന് ആലോചിക്കണം. സിപിഐക്ക് അവരുടെ അവകാശമുണ്ട്. സിപിഎമ്മിനും അവരുടെ അവകാശമുണ്ട്. കോണ്‍ഗ്രസിന് അവരുടെ അവകാശമുണ്ട്. കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും അവരുടേതായ അവകാശമുണ്ട്.
എന്നാൽ ഇത് കുട്ടികളുടെ ആവശ്യമാണ്. അതിൽ കളങ്കം വരുത്തരുത്. എല്ലാം നന്നായി വരട്ടെയെന്നും അന്തരീക്ഷം നന്നാവട്ടെയെന്നും രാജ്യത്തിന്റെ വികനസനത്തിന് പുതിയ ഒരു അധ്യായം തുറന്നുവരട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.
Kerala
കോട്ടയം: കലുങ്ക് സംവാദം കഴിഞ്ഞ് മടങ്ങിയ സുരേഷ് ഗോപി എംപിയുടെ വാഹനം തടഞ്ഞു. കോട്ടയം പള്ളിക്കത്തോട് ആണ് സംഭവം. നിവേദനം നൽകാനെത്തിയ ആളാണ് വാഹനം തടഞ്ഞത്.
നിവേദനം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കാറിന് ചുറ്റും നടന്ന ഇയാളെ ബിജെപി പ്രവർത്തകർ പിടിച്ചു മാറ്റുകയായിരുന്നു. പള്ളിക്കത്തോട്ടിൽ കലുങ്ക് സംവാദം ഒരു മണിക്കൂർ നടന്നിരുന്നു. എന്നാൽ അപ്പോഴൊന്നും ഇയാൾ നിവേദനം നൽകിയില്ല.
അപകടം ഒഴിവാക്കാനാണ് പിടിച്ചുമാറ്റിയതെന്നും നിവേദനം സുരേഷ് ഗോപി വാങ്ങിയിട്ടുണ്ടെന്നും ബിജെപി അറിയിച്ചു.
Kerala
കണ്ണൂര്‍: തന്നെ കേന്ദ്രമന്ത്രി സ്ഥാനത്തുനിന്ന് ഒഴിവാക്കി പകരം സി. സദാനന്ദന് എംപിയെ കേന്ദ്രമന്ത്രിയാക്കിയാൽ സന്തോഷമെന്ന് സുരേഷ് ഗോപി. എംപിയുടെ ഓഫീസ് ഉടന്‍ ഒരു കേന്ദ്ര മന്ത്രിയുടെ ഓഫീസ് ആയി മാറട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു. കണ്ണൂരില്‍ സദാനന്ദൻ എംപിയുടെ ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സദാനന്ദനെ എംപിയായി വിലസാൻ അനുവദിക്കില്ലെന്ന സിപിഎം നേതാവ് എം.വി. ജയരാജന്റെ പരാമര്‍ശനത്തിനും സുരേഷ് മറുപടി നൽകി. സി. സദാനന്ദന്റെ പാര്‍ലമെന്റ് അംഗത്വം കണ്ണൂരിലെ ജയരാജൻമാരിൽ അങ്കലാപ്പ് ഉണ്ടാക്കിയെന്നും കണ്ണൂരിലേക്ക് കൈയെത്തി പിടിക്കാനുള്ള ആദ്യത്തെ വാതിൽ തുറക്കലാണിതെന്നും സുരേഷ് ഗോപി പറഞ്ഞു.
താൻ എല്ലാകാര്യവും തുറന്നുപറയുന്നയാളാണ്. കേരളത്തിൽ ഇപ്പോള്‍ ഒരു പ്രശ്നം ഉണ്ട്. എല്ലാം വളച്ചൊടിക്കുന്നതാണ് ഇപ്പോഴത്തെ രീതിയെന്നും അദ്ദേഹം പറഞ്ഞു. പൂച്ചാണ്ടി കാണിച്ച് തന്നെ പേടിപ്പിക്കേണ്ടെന്നും തനിക്ക് പറയാനുള്ളത് പറഞ്ഞുതന്നെ മുന്നോട്ടുപോകുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
Kerala
തൃശൂർ: ശബരിമല വിവാദം വഴിതിരിച്ചു വിടാനാണ് സിനിമാതാരങ്ങളുടെ വീട്ടിൽ ഇഡി റെയ്ഡ് നടത്തിയതെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാദം തള്ളി ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ദേവൻ. അത് തെറ്റായ വാദമാണെന്നും അങ്ങനെ ചിന്തിക്കുന്നത് നോൺസെൻസ് ആണെന്നും ദേവൻ പറഞ്ഞു.
ശബരിമല വിവാദം വഴി തിരിച്ചുവിടാൻ മാധ്യമങ്ങൾ ശ്രമിക്കുമെന്നും തോന്നുന്നില്ല. സുരേഷ് ഗോപി പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും ദേവൻ പറഞ്ഞു. മാധ്യമങ്ങളും ഹൈക്കോടതിയുമാണ് ഈ വിഷയത്തിൽ ജാഗ്രത കാണിക്കുന്നതെന്നും ദേവൻ പറഞ്ഞു.
ശബരിമലയിലേത് വിവാദമല്ല, പകൽ കൊള്ളയാണ്. കൊള്ള നടന്നത് ശബരിമലയിൽ മാത്രമല്ല മറ്റു ക്ഷേത്രങ്ങളിലുമാണ്. കൊള്ള നടത്തുന്നവർ തന്നെ ഇതിനെക്കുറിച്ച് അന്വേഷിച്ചാൽ ശരിയാവില്ല. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സ്വതന്ത്ര ഏജൻസി അന്വേഷണം നടത്തണമെന്നും ദേവൻ പറഞ്ഞു.
ദുൽഖർ സൽമാൻ അടക്കമുള്ള താരങ്ങളുടെ വീടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തിയത് ശബരിമല സ്വർണപ്പാളി വിവാദം മുക്കാനാകാമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. സ്വർണപ്പാളി വിവാദം മൂടിക്കെട്ടാനുള്ള ശ്രമമായാണ് ഈ റെയ്ഡ് നടന്നതെന്ന സംശയം തനിക്കുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
Kerala
തിരുവനന്തപുരം: ദുൽഖർ സൽമാൻ അടക്കം താരങ്ങളുടെ വീടുകളിൽ ഇഡി റെയ്ഡ് നടത്തിയത് ശബരിമല സ്വർണപ്പാളി വിവാദം മുക്കാനാകാമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.
സ്വർണപ്പാളി വിവാദം മൂടിക്കെട്ടാനുള്ള ശ്രമമായാണ് ഈ റെയ്ഡ് നടന്നതെന്ന സംശയം തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രമന്ത്രിയായതിനാൽ ഇപ്പോൾ കൂടുതൽ വിശദീകരണം നൽകുന്നില്ല. പ്രജാ വിവാദവും സ്വർണ ചർച്ചയും മുക്കാനാണ് ഇത്തരം നടപടികൾ. എല്ലാം കുതന്ത്രമാണെന്ന് തോന്നുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.
Kerala
പാലക്കാട്: പാലക്കാട് ചെത്തലൂരിൽ നടന്ന കലുങ്ക് സംവാദത്തിനിടെ വിവാദ പരാമർശവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി.
"നേരത്തെ ശമ്പളം മുഴുവൻ ജനങ്ങളുടെ കഞ്ഞി പാത്രത്തിലുണ്ടെന്ന് പറഞ്ഞത് വിവാദമായിരുന്നു. പാലക്കാട് കേരളത്തിന്റെ അന്ന പാത്രമാണ്. ഇനി കഞ്ഞി പാത്രം എന്ന് പറഞ്ഞത് ഇഷ്ടപ്പെടാത്ത ചില നപുംസകങ്ങൾക്ക് അന്ന പാത്രം എന്ന് പറഞ്ഞത് ഇഷ്ടപ്പെടാതെ വരുമോയെന്ന് അറിയില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കിറ്റുമായി വരുന്നവരുടെ മുഖത്തേക്ക് അത് എറിയണം'.- കേന്ദ്ര മന്ത്രി പറഞ്ഞു.
"പ്രജകളാണ് ഇവിടെ രാജാക്കൻമാർ. കേരളം നന്നാക്കാനാണ് കലുങ്ക് സംവാദം നടത്തുന്നത്. വിരൽചൂണ്ടി പ്രജകൾ സംസാരിക്കണം. വ്യക്തിപരമായ ഒരു ആവശ്യങ്ങളും ഇവിടെ പരിഗണിക്കില്ല. അതു വച്ച് കൊയ്ത്ത് നടത്താമെന്ന് മാക്രികൾ വിചാരിക്കേണ്ട. നിവേദനം തന്നയാളെ ഞാൻ അവഹേളിച്ചു എന്ന് പറയുന്നത് അവരുടെ മാത്രം വ്യാഖ്യാനം. അവഹേളനങ്ങൾക്ക് ഞാൻ പുല്ലുവിലയാണ് നൽകുന്നത്'.
ഹിന്ദുമത പഠനത്തിന് സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ട യുവതിയോട് അത് നിങ്ങളുടെ എംഎൽഎയുടെ വീട്ടിൽ കയറി ചോദിക്കൂവെന്നും സുരേഷ് ഗോപി പറഞ്ഞു. ദേവസ്വം ബോർഡ് ഇടതുപക്ഷത്തിന്റെ കൈയിലാണ്. എംഎൽഎയുടെ വീട്ടിൽ കയറി മത പഠനത്തിന് അവസരം ഒരുക്കണമെന്ന് ആവശ്യപെടണം.
അതിന് നിങ്ങളുടെ എംഎൽഎയ്ക്ക് കഴിഞ്ഞില്ലെങ്കിൽ അതിന് സാധിക്കുന്ന എംഎൽഎ നിങ്ങൾ ഇവിടെ നിന്ന് തെരഞ്ഞെടുക്കൂവെന്നും സുരേഷ് ഗോപി പറഞ്ഞു.
"നമ്മുടെ കുട്ടികൾ മാത്രം മതത്തിന്റെ ഒരു മൂല്യവുമില്ലാതെയാണ് വളരുന്നത്. രാമായണവും മഹാഭാരതവുമൊക്കെ ടിവിയിലൂടെ മാത്രമേ കാണാനാകുന്നുള്ളു, ആഴ്ചയിൽ ഒരു ദിവസമെങ്കിലും നമ്മുടെ കുട്ടികൾക്ക് മതത്തെ കുറിച്ച് പഠിക്കാൻ എന്തെങ്കിലും ചെയ്യാൻ പറ്റുമോ.?' -എന്നാണ് യുവതി സുരേഷ് ഗോപിയോട് ചോദിച്ചത്.
Kerala
ഇടുക്കി: തൃശൂരിലെ വോട്ട് വിവാദത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി. ശവങ്ങളെ കൊണ്ട് വന്നു വോട്ട് ചെയ്യിപ്പിച്ചവരാണ് തന്നെ കുറ്റം പറയുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. ഇടുക്കി മൂലമറ്റം ഗണപതി ക്ഷേത്രത്തിന് സമീപം നടത്തിയ കലുങ്ക് സംവാദ പരിപാടിയിലായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
ശവങ്ങൾ വോട്ട് ചെയ്തു വിജയിപ്പിച്ചവരാണ് നിങ്ങളെ വഹിക്കുന്നത്. 25 വർഷം മുൻപ് മരിച്ചവരെ വരെ വോട്ട് ചെയ്യിച്ചു, പൂരം കലക്കി, ഗോപി ആശാനെ കലക്കി, ആർഎൽവിയെ കലക്കി എന്നൊക്കെ തന്നെ കുറ്റം പറഞ്ഞു. അവസാനം വോട്ട് കലക്കി എന്നു വരെ പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൃശൂരിലെ പ്രചാരണ ഘട്ടത്തിൽ പറഞ്ഞതാണ് താൻ ഇപ്പോഴും ചെയ്യുന്നത്. തന്നെക്കൊണ്ട് ചെയ്യാൻ പറ്റുന്നതേ താൻ ഏൽക്കുകയുള്ളു. ഏറ്റാൽ അത് ചെയ്തിരിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ആലപ്പുഴയിൽ എയിംസ് വേണമെന്ന് 2015 ൽ താൻ എടുത്ത നിലപാട് മാറ്റാൻ കഴിയില്ല. ആലപ്പുഴയിൽ ഇല്ലെങ്കിൽ തൃശൂരിൽ വേണമെന്നാണ് നിലപാട് എയിംസ് തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് താൻ പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞുവെന്ന് തെളിയിച്ചാൽ ഈ പണി നിർത്താമെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴയിൽ എയിംസ് വേണമെന്ന് 2015 ൽ താൻ എടുത്ത നിലപാടാണ്. അത് മാറ്റാൻ കഴിയില്ല. ആലപ്പുഴയിൽ എയിംസ് നൽകിയില്ലെങ്കിൽ തൃശൂരിൽ വേണമെന്നാണ് നിലപാട്. എയിംസ് തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് താൻ പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞുവെന്ന് തെളിയിച്ചാൽ താൻ രാജിവയ്ക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: കേരളത്തിൽ എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിയിൽ തർക്കം തുടരുന്നു. കേന്ദ്ര നിയമം അനുസരിച്ച് മാത്രമായിരിക്കും എയിംസ് അനുവദിക്കുകയെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവർത്തിക്കുന്നതിനിടെയാണ് രമേശിന്റെ പ്രസ്താവന.
സുരേഷ് ഗോപി പറഞ്ഞത് അദ്ദേഹത്തിന്റെ താൽപര്യങ്ങളും ആവശ്യവുമാണെന്നും ഓരോ നേതാക്കളും അവരവർക്ക് ഇഷ്ടമുള്ളിടത്ത് ആവശ്യപ്പെടുമെന്നും രമേശ് പറഞ്ഞു. കേരളത്തിൽ എവിടെ എയിംസ് വന്നാലും ബിജെപിക്ക് സന്തോഷമാണ്. കേരളത്തിന് എയിംസ് അനുവദിക്കണം എന്നേയുള്ളൂവെന്നും രമേശ് വ്യക്തമാക്കി.
സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ബിജെപി സംസ്ഥാന സമിതി യോഗം ചർച്ച ചെയ്യുമെന്നും രമേശ് വ്യക്തമാക്കി.
Kerala
തൃശൂര്‍: കലുങ്ക് സംവാദ പരിപാടിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ പിന്തുണച്ചും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ പരോക്ഷമായി വിമർശിച്ചും കെ. സുരേന്ദ്രൻ. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരിക്കണമെന്ന് സുരേന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചു.
സാധാരണക്കാര്‍ക്ക് ഉപകാരമാവുന്ന കാര്യങ്ങള്‍ നേടിയെടുക്കാന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉള്‍പ്പെടെയുള്ള മുഴുവന്‍ രാഷ്ട്രീയ നേതാക്കളും സുരേഷ്ഗോപിയെ മാതൃകയാക്കുകയാണ് വേണ്ടത്. ഇനി സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതെയിരിക്കാനെങ്കിലും ശ്രമിക്കുകയെന്നതാണ് മര്യാദ. കലുങ്ക് സംവാദം പോലെ താഴെതട്ടിലുള്ള ജനങ്ങളുമായി അദ്ദേഹം ഇടപെടുന്നത് കാണുമ്പോള്‍ സ്വാഭാവികമായും ചിലര്‍ക്ക് ചൊറിച്ചില്‍ വരും. അത് പൊട്ടിയൊലിക്കുന്നതാണ് ഇപ്പോള്‍ കാണുന്നത്. ഇതൊക്കെ നമ്മള് എത്ര കണ്ടതാണ്- എന്നായിരുന്നു സുരേന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചത്.
സുരേഷ് ഗോപി എന്തിനാണ് അങ്ങനെ ചെയ്തതെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം നിവേദനം സ്വീകരിക്കാത്തത് എന്തുകൊണ്ടെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നുമായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം.
Kerala
തൃശൂർ: വയോധികന്റെ വീടിനു വേണ്ടിയുള്ള നിവേദനം കൈപ്പറ്റാതിരുന്നത് കൈപ്പിഴയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അത് ഉയർത്തിക്കാട്ടി കൂടുതൽ വിവാദമുണ്ടാക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും കൊടുങ്ങല്ലൂരിൽ നടന്ന കലുങ്ക് ചർച്ചയിൽ അദ്ദേഹം വ്യക്തമാക്കി.
ചില കൈപ്പിഴകൾ ചൂണ്ടിക്കാട്ടി ഈ തീഗോളം കെടുത്താൻ ഒരുത്തനും വിചാരിക്കണ്ട, നടക്കില്ല. അതിനുള്ള ചങ്കുറപ്പ് ഭരത്ചന്ദ്രനുണ്ടെങ്കിൽ അത് സുരേഷ് ഗോപിക്കും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"കൊച്ചുവേലായുധൻ ചേട്ടന് വീട് കിട്ടിയതിൽ സന്തോഷം. നല്ലകാര്യം. ഇനിയും ഞാൻ വേലായുധൻ ചേട്ടൻമാരെ അങ്ങോട്ട് അയക്കും. പാർട്ടി തയാറെടുത്ത് ഇരുന്നോളൂ. ആർജവവും ചങ്കൂറ്റവും കാണിക്കണം. ഞാൻ ഒരു ലിസ്റ്റ് അങ്ങോട്ട് പുറത്തുവിടും. 14 ജില്ലയിലേക്കും ഞാൻ പോകും’ – സുരേഷ് ഗോപി പറഞ്ഞു.
Kerala
തൃശൂർ: വ്യാജരേഖ ചമച്ച് തൃശൂരിൽ വോട്ടു ചേർത്തെന്ന പരാതിയിൽ തൽക്കാലം കേന്ദ്രമന്ത്രി സുരേഷ്ഗോപിക്കെതിരെ കേസെടുക്കാനാകില്ല. മുൻ എംപി ടി.എൻ. പ്രതാപനാണ് വോട്ടർപട്ടിക ക്രമക്കേട് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്.
സുരേഷ് ഗോപിയും സഹോദരനും വ്യാജരേഖ ചമച്ച് തൃശൂരിൽ വോട്ടു ചേർത്തു എന്നായിരുന്നു പ്രതാപന്റെ പരാതി. എന്നാൽ ഈ ആരോപണം തെളിയിക്കുന്നതിനായി വേണ്ട രേഖകൾ ഹാജരാക്കാൻ പ്രതാപന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുരേഷ്ഗോപിക്കെതിരെ കേസെടുക്കാൻ സാധിക്കില്ലെന്ന് പോലീസ് പരാതിക്കാരനെ അറിയിച്ചിരിക്കുന്നത്.
ഇതോടെ സുരേഷ്ഗോപിയുമായി ബന്ധപ്പെട്ട വ്യാജവോട്ട് വിവാദത്തിൽ പോലീസ് അന്വേഷണം മുന്നോട്ടുപോകാനാതെ വഴിമുട്ടിയിരിക്കുകയാണ്. അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ ജില്ല ഭരണകൂടത്തിൽ നിന്നോ തെരഞ്ഞെടുപ്പു കമ്മീഷനിൽ നിന്നോ ലഭിക്കേണ്ടതുണ്ട്.
എന്നാൽ അപേക്ഷ നൽകിയിട്ടും ഈ രേഖകൾ കിട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടി എസിപി തൃശൂർ സിറ്റി പോലീസ് കമ്മീഷണർക്ക് റിപ്പോർട്ടു നൽകി. കമ്മീഷണർ ഇക്കാര്യം പരാതിക്കാരനായ മുൻ എംപി ടി.എൻ.പ്രതാപനെ അറിയിച്ചു.
രേഖകൾ ലഭിക്കുന്നതിനും തുടർനടപടികൾക്കുമായി പരാതിക്കാരന് കോടതിയെ സമീപിക്കാം. അല്ലെങ്കിൽ രേഖകൾ ലഭിക്കുന്ന മുറയ്ക്ക് കേസന്വേഷണം പുനരാരംഭിക്കാൻ സാധിക്കും.
Kerala
തൃശൂർ: ഭവനസഹായ അപേക്ഷയുമായി എത്തിയ വൃദ്ധനിൽ നിന്ന് അപേക്ഷ സ്വീകരിക്കാതിരുന്ന സംഭവത്തിൽ വിശദീകരണവുമായി കേന്ദ്രസഹമന്ത്രി സുരേഷ്ഗോപി. ഒരു പൊതുപ്രവർത്തകനായി എന്തു ചെയ്യാൻ കഴിയും എന്തു ചെയ്യാൻ കഴിയില്ല എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ തനിക്കുണ്ടെന്നും പാലിക്കാനാകാത്ത വാഗ്ദാനങ്ങൾ ഞാൻ നൽകാറില്ലെന്നും ജനങ്ങൾക്ക് വ്യാജപ്രതീക്ഷകൾ നൽകുന്നത് തന്റെ ശൈലിയല്ലെന്നും സുരേഷ്ഗോപി പറഞ്ഞു.
ഫേസ്ബുക്കിലൂടെയാണ് സുരേഷ്ഗോപി തന്റെ നിലപാടറിയിച്ചത്. എന്തൊക്കെയായാലും താൻ കാരണം അവർക്കൊരു വീടുണ്ടാകുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും കേന്ദ്രസഹമന്ത്രി പറയുന്നു.
<b>സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം</b>
അടുത്തിടെ ഭവനസഹായവുമായി ബന്ധപ്പെട്ട് എന്റെ അടുത്ത് വന്ന ഒരു അപേക്ഷ നിരസിക്കപ്പെട്ട വിഷയത്തിൽ നിരവധി വാർത്തകളും വ്യാഖ്യാനങ്ങളും പുറത്തുവന്നിട്ടുണ്ട്. അതിനെ ചിലർ സ്വന്തം രാഷ്ട്രീയ അജണ്ടകൾക്കായി ഉപയോഗിക്കുന്നുവെന്ന് കാണുന്നു.
ഭവനനിർമ്മാണം ഒരു സംസ്ഥാന വിഷയമാണ്. അതിനാൽ അത്തരം അഭ്യർഥനകൾ ഒരാൾക്ക് മാത്രം അനുവദിക്കാനോ തീരുമാനിക്കാനോ കഴിയില്ല. അതിന് സംസ്ഥാന സർക്കാർ തന്നെ വിചാരിക്കണം. എന്റെ ശ്രമങ്ങൾ എല്ലായ്പ്പോഴും സിസ്റ്റത്തിനുള്ളിൽ പ്രവർത്തിച്ച്, ജനങ്ങൾക്ക് യഥാർഥ നേട്ടങ്ങൾ എത്തിക്കാനാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.
അതേസമയം, ഈ സംഭവത്തിലൂടെ മറ്റൊരു പാർട്ടി ആ കുടുംബത്തെ സമീപിച്ച് സുരക്ഷിതമായ ഭവനം ഉറപ്പാക്കാൻ മുന്നോട്ട് വന്നത് എന്ന കാര്യം കാണുന്നത് എനിക്ക് സന്തോഷമാണ്. രാഷ്ട്രീയ ഉന്നം ഉള്ളതാണെങ്കിലും ഞാൻ കാരണം അവർക്ക് ഒരു വീട് എന്നത് ലഭ്യമായല്ലോ...
കഴിഞ്ഞ രണ്ടു കൊല്ലങ്ങളായി ഇത് കണ്ടുകൊണ്ടിരുന്നു ആളുകൾ ഞാൻ കാരണം എങ്കിലും ഇപ്പോൾ വീട് വച്ച് നൽകാൻ ഇറങ്ങിയല്ലോ... ജനങ്ങളുടെ പോരാട്ടങ്ങളിൽ രാഷ്ട്രീയ കളികൾക്കല്ല, യഥാർഥ പരിഹാരങ്ങൾക്കാണ് സ്ഥാനം എന്നാണ് എന്റെ വിശ്വാസം.
Kerala
തൃശൂർ: ആഗോള അയ്യപ്പ സംഗമത്തിൽ ഒരു കാരണവശാലും പങ്കെടുക്കില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. അയ്യപ്പ സംഗമം ദേവസ്വം ബോർഡ് പ്രസിഡന്റ് പറയണമായിരുന്നു. ഇത്രയും കാലം എന്തുകൊണ്ട് പറഞ്ഞില്ല. അദ്ദേഹത്തോട് എല്ലാം സംസാരിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആഗോള അയ്യപ്പ സംഗമത്തിലേക്ക് സുരേഷ് ഗോപിയെ കഴിഞ്ഞദിവസം നേരിട്ട് ക്ഷണിച്ചിരുന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് നേരിട്ട് സുരേഷ് ഗോപിയുടെ വീട്ടിലെത്തിയായിരുന്നു ആഗോള അയ്യപ്പ സംഗമത്തിലേക്ക് ക്ഷണിച്ചത്.
അതേസമയം അയ്യപ്പ സംഗമം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പരിപാടിയാണെന്നാണ് സംഘപരിവാര്‍ നിലപാട്. അതിനാൽതന്നെ സുരേഷ് ഗോപി പങ്കെടുക്കരുതെന്ന നിലപാടിലാണ് ബിജെപി നേതൃത്വവും.
Kerala
തൃശൂര്‍: വോട്ടര്‍ പട്ടിക ക്രമക്കേട് വിവാദത്തിൽ ഒടുവിൽ മൗനം വെടിഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മറുപടി പറയേണ്ടത് തെരഞ്ഞെടുപ്പ് കമ്മിഷനാണെന്നും താന്‍ മന്ത്രിയാണെന്നും അദ്ദേഹം പ്രതികരിച്ചു.
ഉന്നയിച്ച വിഷയങ്ങള്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ മറുപടി പറയും. ഞാന്‍ മന്ത്രിയാണ്, അതുകൊണ്ടാണ് മറുപടി പറയാത്തത്. ഞാന്‍ എന്റെ ഉത്തരവാദിത്തം സംരക്ഷിക്കും. കൂടുതല്‍ ചോദ്യങ്ങള്‍ ഉണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിച്ചോളൂ എന്നും സുരേഷ് ഗോപി പറഞ്ഞു.
ഇവിടെനിന്ന് കുറച്ച് വാനരന്മാർ ഇറങ്ങിയല്ലോ ഉന്നയിക്കലുമായി, അവരോട് അങ്ങോട്ട് പോകാൻ പറ. അക്കരെയായാലും ഇക്കരെയായാലും അവിടെ പോയി ചോദിക്കാൻ പറയെന്നും സുരേഷ് ഗോപി പരിഹസിച്ചു.
തൃശൂരില്‍ ശക്തൻ തമ്പുരാന്റെ പ്രതിമയില്‍ മാലയിട്ട ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി. കെഎസ്ആർടിസി ബസ് ഇടിച്ച് മുൻപ് ശക്തൻ തമ്പുരാൻ പ്രതിമ തകർന്നിരുന്നു. പിന്നീട് സുരേഷ് ഗോപിയാണ് ഇത് പുനർനിർമിച്ചത്. ചിങ്ങം ഒന്നിന് ശക്തൻ തമ്പുരാന് ഹാരം അണിയിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
Kerala
തൃശൂര്‍: വോട്ട് ക്രമക്കേട് വിവാദം കത്തുന്നതിനിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശൂരിലെത്തി. പുലർച്ചെ തിരുവനന്തപുരത്തെത്തി അദ്ദേഹം 9.30 ഓടെ വന്ദേഭാരതിലാണ് തൃശൂരിലെത്തിയത്. മുദ്രാവാക്യം വിളികളോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിച്ചത്.
റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അശ്വിനി ആശുപത്രിയിലെത്തിയ സുരേഷ് ഗോപി ചൊവ്വാഴ്ച രാത്രി സിപിഎം ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകരെ സന്ദർശിച്ചു. അതേസമയം, മാധ്യമങ്ങളുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നല്കാൻ കൂട്ടാക്കാതിരുന്ന അദ്ദേഹം മടങ്ങുന്ന വഴി "ഇത്രത്തോളം സഹായിച്ചതിനു നന്ദി' എന്നു മാത്രം പ്രതികരിക്കുകയും ചെയ്തു.
ആശുപത്രി സന്ദര്‍ശനത്തിന് ശേഷം സിപിഎം പ്രവർത്തകർ ബോർഡിൽ കരിഓയിൽ ഒഴിച്ച തന്റെ ക്യാമ്പ് ഓഫീസിലേക്കാണ് സുരേഷ് ഗോപി പോയത്.
Kerala
തൃശൂർ: പ്രതിഷേധത്തിനിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസ് ബോർഡിൽ കരി ഓയിൽ ഒഴിച്ച സിപിഎം പ്രവർത്തകൻ അറസ്റ്റിൽ. വിപിൻ വിൽസൺ ആണ് അറസ്റ്റിലായത്. വിപിനെ ചൊവ്വാഴ്ച പോലീസ് കസ്റ്റഡിയില്‍ നിന്ന് സിപിഎം പ്രവര്‍ത്തകര്‍ മോചിപ്പിച്ചിരുന്നു.
വ്യാജ വോട്ടർ പട്ടിക വിവാദത്തിൽ ചൊവ്വാഴ്ച സുരേഷ് ഗോപിയുടെ ചേറൂറിലെ എംപി ഓഫീസിലേക്കാണ് സിപിഎം പ്രതിഷേധ മാർച്ച് നടത്തിയത്. ചേറൂർ പള്ളിമൂല സെന്ററിൽ നിന്നു പ്രകടനമായാണു പ്രവർത്തകർ എത്തിയത്. തുടർന്നാണ് അദ്ദേഹത്തിന്റെ ക്യാമ്പ് ഓഫീസ് ബോർഡിൽ പ്രതിഷേധക്കാർ കരിഓയിൽ ഒഴിച്ചത്. തുടർന്ന് ബോർഡിൽ ചെരുപ്പുമാലയിടുകയും ചെയ്തു.
ചൊവ്വാഴ്ചയുണ്ടായ സിപിഎം-ബിജെപി സംഘർഷത്തിൽ അൻപതോളം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഏറ്റുമുട്ടലിൽ അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ക്കും മൂന്ന് സിപിഎം പ്രവർത്തകര്‍ക്കും പരിക്കേറ്റിരുന്നു.
അതേസമയം, സുരേഷ് ഗോപിയുടെ ഓഫീസിനു നേരെ നടന്ന ആക്രമണത്തിനെതിരെ ഇന്ന് ബിജെപി സംസ്ഥാനവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. എല്ലാ ജില്ലകളിലും മാർച്ച് നടത്താനാണ് തീരുമാനം.
Kerala
തിരുവനന്തപുരം: തൃശൂരിലെ വ്യാജവോട്ട് പരാതിയിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിക്കെതിരെ അന്വേഷണം. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ടി.എൻ. പ്രതാപൻ നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം.
കോൺഗ്രസ് നേതാക്കളുടെ പരാതി ഫയലിൽ സ്വീകരിച്ചതായി തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ പറഞ്ഞു. തൃശൂർ എസിപി പരാതി അന്വേഷിക്കും. വ്യാജ രേഖ ചമച്ചതടക്കമുള്ള കാര്യങ്ങൾ അന്വേഷണ പരിധിയിലുണ്ട്. വിഷയത്തിൽ വിശദമായ നിയമപദേശവും തേടും. ജില്ലാ ഭരണാധികാരി കൂടിയായ കളക്ടറോട് പരാതിയിൽ നിർദേശം തേടാൻ പോലീസ് നീക്കം.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി സുരേഷ് ഗോപി തൃശൂരിലേക്ക് വോട്ട് മാറ്റി ചേർത്തത് നിയമവിരുദ്ധവും ക്രിമിനൽ ഗൂഢാലോചനയുമാണെന്ന് കാണിച്ചാണ് പ്രതാപൻ പോലീസിൽ പരാതി നൽകിയത്. തിരുവനന്തപുരത്ത് സ്ഥിര താമസക്കാരനായ സുരേഷ് ഗോപി വ്യാജ സത്യപ്രസ്താവന ഉൾപ്പെടെ ബോധിപ്പിച്ച് നിയമവിരുദ്ധ മാർഗത്തിലൂടെയാണ് തൃശൂർ നിയമസഭാ മണ്ഡലത്തിൽ വോട്ട് ചേർത്തതെന്ന് പരാതിയിൽ പറയുന്നു.
സുരേഷ് ഗോപിയുടെ അനിയൻ സുഭാഷ് ഗോപിക്കും ഇരട്ടവോട്ട് ഉണ്ടെന്ന വാർത്ത പുരത്തുവന്നിരുന്നു. സുഭാഷ് ഗോപിയ്ക്കും ഭാര്യ റാണി സുഭാഷിനും കൊല്ലത്തും തൃശൂരും ആണ് വോട്ടുള്ളത്.
Kerala
തൃശൂര്‍: കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിയെ കാണാനില്ലെന്ന് പോലീസില്‍ പരാതി. കെഎസ്യു തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂരാണ് തൃശൂര്‍ ഈസ്റ്റ് പോലീസില്‍ പരാതി നല്‍കിയത്.
ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളുടെ അറസ്റ്റിന്ശേഷം സുരേഷ് ഗോപിയെ മണ്ഡലത്തിൽ കാണാനില്ലെന്നും അദ്ദേഹത്തിന്റെ തിരോധാനത്തിനു പിന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്നുമാണ് ഇ-മെയില്‍ വഴി നല്കിയ പരാതിയില്‍ പറയുന്നത്.
സുരേഷ് ഗോപിയെ കാണാനില്ലെന്ന് ശനിയാഴ്ച വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും പ്രതികരിച്ചിരുന്നു. കന്യാസ്ത്രീകളുടെ വിഷയമടക്കം ഉണ്ടായപ്പോഴും സുരേഷ് ഗോപിയെ എവിടെയും കണ്ടില്ലെന്നും അദ്ദേഹം ഒളിവുജീവിതത്തിലാണോയെന്നും ശിവൻകുട്ടി പരിഹസിച്ചിരുന്നു.
Kerala
കൊച്ചി: വിവാദങ്ങള്‍ക്കൊടുവില്‍ "ജാനകി വി. വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള' ഇന്ന് തിയേറ്ററുകളിലെത്തി. സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി എട്ട് മാറ്റങ്ങളോടെയാണ് ചിത്രം റിലീസ് ചെയ്തത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ പതിപ്പുകളാണ് ഒന്നിച്ചു റിലീസ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ മാസം 27ന് റിലീസ് നിശ്ചയിച്ചിരുന്ന സിനിമയില്‍ "ജാനകി' എന്ന പേരുമാറ്റാതെ പ്രദര്‍ശനാനുമതി നല്‍കില്ല എന്ന് സെന്‍സര്‍ ബോര്‍ഡ് നിലപാടെടുക്കുകയായിരുന്നു. സിനിമയിലെ കോടതി രംഗങ്ങളിലെ ഏഴ് ഭാഗങ്ങളില്‍ ജാനകി എന്ന പേര് മ്യൂട്ട് ചെയ്തിട്ടുണ്ട്.
സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന് സെന്‍സര്‍ ബോര്‍ഡ് അറിയിച്ചതിന് പിന്നാലെ ബുധനാഴ്ച ഹൈക്കോടതി കേസ് തീര്‍പ്പാക്കിയിരുന്നു. അതേസമയം സിനിമയുടെ ടീസറിലും മുമ്പേ ഇറക്കിയ പോസ്റ്ററിലും ജാനകി വി. വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന പേര് മാറ്റാത്തതുകൊണ്ട് ഹര്‍ജിക്കാര്‍ക്കെതിരേ നടപടി ഉണ്ടാകരുതെന്നും കോടതി വ്യക്തമാക്കുകയുണ്ടായി.
ടീസറിന് സെന്‍സര്‍ ബോര്‍ഡ് നേരത്തെ അനുമതി നല്‍കിയിരുന്നു. ഇതിന് ശേഷമാണ് ജാനകി എന്ന പേര് മാറ്റണമെന്ന് നിര്‍ദേശിച്ച് സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചത്. മാനഭംഗത്തിന് ഇരയാകുന്ന നായികയ്ക്ക് സീതാദേവിയുടെ പര്യായമായ ജാനകിയുടെ പേര് നല്‍കിയതാണ് സെന്‍സര്‍ ബോര്‍ഡിന്റെ എതിര്‍പ്പിന് കാരണമായത്.
തുടര്‍ന്ന് സിനിമയുടെ ടൈറ്റിലിലും ഉള്ളടക്കത്തിലും മാറ്റങ്ങള്‍ വരുത്തിയ പുതിയ പതിപ്പിനാണ് അനുമതി നല്‍കിയത്. ടീസറിലടക്കം പേര് മാറ്റുന്നതിലെ ചെലവ് ചൂണ്ടിക്കാട്ടി ഇക്കാര്യത്തില്‍ ഇളവ് വേണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യമുന്നയിച്ചു. ഇത് കോടതി അനുവദിക്കുകയായിരുന്നു.
Movies
ജാനകി വി. വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പേരുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഹൈക്കോടതി തീര്‍പ്പാക്കി. സിനിമയ്ക്കു പ്രദര്‍ശനാനുമതി നല്‍കിയതായും ഇന്ന് പ്രദര്‍ശനത്തിനെത്തുമെന്നും നിർമാതാക്കള്‍ കോടതിയെ അറിയിച്ചു. ഇതു രേഖപ്പെടുത്തിയ ജസ്റ്റീസ് എന്‍. നഗരേഷാണ് ഹര്‍ജി തീര്‍പ്പാക്കിയത്.
അതേസമയം സിനിമയുടെ ടീസറിലും മുമ്പ് ഇറക്കിയ പോസ്റ്ററിലും ജാനകി വി. സ്റ്റേറ്റ് ഓഫ് കേരള എന്ന പേര് മാറ്റാത്തതുകൊണ്ട് ഹര്‍ജിക്കാര്‍ക്കെതിരേ നടപടി ഉണ്ടാകരുതെന്നും കോടതി വ്യക്തമാക്കി.
ടീസറിന് സെന്‍സര്‍ ബോര്‍ഡ് നേരത്തേ അനുമതി നല്‍കിയിരുന്നു. ഇതിനുശേഷമാണ് ജാനകി എന്ന പേര് മാറ്റണമെന്നു നിർദേശിച്ച് സിനിമയ്ക്കു പ്രദര്‍ശനാനുമതി നിഷേധിച്ചത്. മാനഭംഗത്തിനിരയാകുന്ന നായികയ്ക്ക് സീതാദേവിയുടെ പര്യായമായ ജാനകിയുടെ പേര് നല്‍കിയതാണ് സെന്‍സര്‍ ബോര്‍ഡിന്റെ എതിര്‍പ്പിനു കാരണമായത്. തുടര്‍ന്ന് സിനിമയുടെ ടൈറ്റിലിലും ഉള്ളടക്കത്തിലും മാറ്റങ്ങള്‍ വരുത്തിയ പുതിയ പതിപ്പിനാണ് അനുമതി നല്‍കിയത്.
ടീസറിലടക്കം പേര് മാറ്റുന്നതിലെ ചെലവ് ചൂണ്ടിക്കാട്ടി ഇക്കാര്യത്തില്‍ ഇളവു വേണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യമുന്നയിച്ചു. ഇത് കോടതി അനുവദിക്കുകയായിരുന്നു.
Kerala
കൊച്ചി: ജെഎസ്കെ സിനിമാ വിവാദത്തില്‍ നിർമാതാക്കളുടെ ഹർജി തീർപ്പാക്കി ഹൈക്കോടതി. പ്രശ്നം പരിഹരിച്ച സാഹചര്യത്തിലാണ് ഹർജി തീർപ്പാക്കിയത്. ടീസറിലും പരസ്യങ്ങളിലുമുള്ള സിനിമയുടെ പഴയ പേര് നിയമ പ്രശ്നങ്ങൾക്ക് വഴി തെളിക്കരുതെന്നും ഹൈക്കോടതി നിര്‍ദേശം നല്കി.
സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചതായി നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ചു. സിനിമ വ്യാഴാഴ്ച റിലീസ് ചെയ്യും. ജാനകി വി. വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന പേരടക്കം ഏഴ് മാറ്റങ്ങളോടെയാണ് ജെഎസ്കെ തിയറ്ററിലേക്ക് എത്തുന്നത്.
ജൂൺ 27ന് റിലീസ് തീരുമാനിച്ചിരുന്ന സിനിമയായിരുന്നു ജെഎസ്കെ. ജൂൺ 21ന് സെൻസർ ബോർഡ് പ്രവേശനാനുമതി നിഷേധിക്കുകയും തുടർന്ന് നിയമപോരാട്ടം നടക്കുകയും ചെയ്തതോടെയാണ് റിലീസ് നീണ്ടത്.
Kerala
കൊച്ചി: സുരേഷ് ഗോപി ചിത്രം "ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രത്തിന്റെ പുതിയ പതിപ്പ് സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിച്ചു. രാവിലെ തിരുവനന്തപുരം സെന്‍സര്‍ ബോര്‍ഡ് ഓഫീസിലാണ് സമര്‍പ്പിച്ചത്.
ചിത്രത്തിന്റെ ടൈറ്റിൽ ജാനകി വി. വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാക്കി മാറ്റിയിട്ടുണ്ട്. കോടതിയില്‍ വിചാരണ നടക്കുന്ന ഭാഗത്ത് അനുപമ അവതരിപ്പിക്കുന്ന കഥാപാത്രത്തെ പേരെടുത്ത് വിളിക്കുന്ന ഭാഗം മ്യൂട്ട് ചെയ്തിട്ടുണ്ട്. രണ്ടര മിനിറ്റിനിടെ ആറ് ഭാഗങ്ങളിലാണ് ഇത്തരത്തില്‍ മ്യൂട്ട് ചെയ്തത്.
വ്യാഴാഴ്ച വൈകുന്നേരം തന്നെ സെൻസർ ബോർഡിന്റെ ആവശ്യപ്രകാരമുള്ള റീ എഡിറ്റ് പൂർത്തിയായിരുന്നു. മ്യൂട്ട് ചെയ്ത ഭാഗങ്ങളും എഡിറ്റ് ചെയ്ത സബ് ടൈറ്റിലും മാത്രമാണ് സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിച്ചത്. പുതുക്കിയ പതിപ്പ് പൂര്‍ണമായും സമര്‍പ്പിക്കേണ്ടെന്ന് സെന്‍സര്‍ ബോര്‍ഡ് അറിയിച്ചിരുന്നു.
Kerala
കൊച്ചി: സുരേഷ് ഗോപി ചിത്രം "ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രത്തിന്റെ പുതിയ പതിപ്പ് ഇന്ന് സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിക്കും. രാവിലെ തിരുവനന്തപുരം സെന്‍സര്‍ ബോര്‍ഡ് ഓഫീസിലായിരിക്കും സമര്‍പ്പിക്കുക. ഇന്നുതന്നെ പുതുക്കിയ പതിപ്പിന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയേക്കും.
വ്യാഴാഴ്ച വൈകുന്നേരം തന്നെ സെൻസർ ബോർഡിന്റെ ആവശ്യപ്രകാരമുള്ള റീ എഡിറ്റ് പൂർത്തിയായിരുന്നു. മ്യൂട്ട് ചെയ്ത ഭാഗങ്ങളും എഡിറ്റ് ചെയ്ത സബ് ടൈറ്റിലും മാത്രമായിരിക്കും സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിക്കുന്നത്. പുതുക്കിയ പതിപ്പ് പൂര്‍ണമായും സമര്‍പ്പിക്കേണ്ടെന്ന് സെന്‍സര്‍ ബോര്‍ഡ് അറിയിച്ചിരുന്നു.
Kerala
തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴിയെടുത്തു. രണ്ട് ദിവസം മുന്‍പ് അന്വേഷണസംഘത്തിന്റെ തലവന്‍ ഡിഐജി തോംസണ്‍ ജോസിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തുവച്ചായിരുന്നു മൊഴി രേഖപ്പെടുത്തിയത്.
മൊഴിയെടുക്കല്‍ പൂര്‍ത്തിയായിട്ടില്ലെന്നും നിലവിലെ മൊഴി പരിശോധിച്ച ശേഷം വീണ്ടും മൊഴി രേഖപ്പെടുത്തുമെന്നും അന്വേഷണസംഘം അറിയിച്ചു.
ചടങ്ങുകള്‍ അലങ്കോലമായതിന്റെ പേരില്‍ തിരുവമ്പാടി വിഭാഗം പൂരം നിര്‍ത്തിവച്ചതിനു പിന്നാലെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമവുമായി സുരേഷ് ഗോപി ആംബുലന്‍സില്‍ വന്നിറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. മറ്റു വാഹനങ്ങള്‍ക്കു പ്രവേശനമില്ലാതെ അടച്ചിട്ട മേഖലയിലേക്ക് ആംബുലന്‍സില്‍ സുരേഷ് ഗോപിയെ എത്തിച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു.
എന്നാൽ പൂരം അലങ്കോലപ്പെട്ടെന്ന് അറിയിച്ചത് ബിജെപി പ്രവര്‍ത്തകരാണെന്നും ഇതനുസരിച്ചാണ് താൻ ആംബുലൻസിൽ സംഭവസ്ഥലത്തേക്ക് എത്തിയതെന്നും സുരേഷ് ഗോപി മൊഴി നല്‍കിയതായാണ് വിവരം.
നിലവില്‍ കേസന്വേഷണം അവസാനഘട്ടത്തിലാണ്. നേരത്തേ മന്ത്രിമാരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും അടക്കം മൊഴി രേഖപ്പെടുത്തിയിരുന്നു.